തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യങ്ങൾ പുറത്തുവരട്ടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു.
തനിക്ക് ഒന്നും ഒളിക്കാനില്ല, ആരെയും ഭയക്കാനുമില്ല. തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്കാന് പോലും തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും പി പി ദിവ്യ പറഞ്ഞു.എന്റെ ഭര്‍ത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടില്‍ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങള്‍ക്കില്ല', പി പി ദിവ്യ പറഞ്ഞു.
മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെ. ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് കരുതേണ്ട. എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല താൻ ആഗ്രഹിക്കുന്നത്. ആരോപണങ്ങൾക്കും പിന്നിലെ താൽപര്യങ്ങൾക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്. ജനകീയ മുഖംമൂടി ധരിച്ച് രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്ന് മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്ക് മുന്നിലെത്തുമെന്നും അവർ കുറിച്ചു. അപവാദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇവിടെത്തന്നെയുണ്ടാകുമെന്നും പറഞ്ഞാണ് പി പി ദിവ്യ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.





0 Comments