ബിവൈഡിയ്ക്ക് കുരുക്കായി കോപ്പിയടി കേസ്: പുതിയ SUVയ്ക്ക് യൂറോപ്യൻ യൂണിയനിൽ‌ വിലക്ക്.

 

ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയ്ക്ക് വൻ തിരിച്ചടി. യൂറോപ്യൻ യൂണിയനിൽ‌ബിവൈഡിയുടെ Ti7 SUV വിൽക്കുന്നതിന് താത്കാലിക വിലലക്ക്. ഡച്ച് കോടതിയുടേതാണ് നടപടി. ഡിഫെൻഡർ‌ ഡിസൈൻ കോപ്പിയടിയുമായി ബന്ധപ്പെട്ടാണ് നടപടി. യൂറോപ്യൻ യൂണിയനിലുടനീളം ഈ എസ്‌യുവി വിൽക്കുന്നത് നിർത്തിവെക്കാൻ ചൈനീസ് നിർമ്മാതാക്കളോട് കോടതി ഉത്തരവിട്ടു. യുകെയിൽ Ti7 എന്ന ഏഴ് സീറ്റുള്ള വാഹനം അവതരിപ്പിക്കാൻ ബി.വൈ.ഡി നടപടികൾ തുടങ്ങിയതിനെത്തുടർന്ന്, ജെ.എൽ.ആർ നൽകിയ നിയമനടപടിയുടെ ഭാഗമായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.ചൈനയിൽ ബി.വൈ.ഡിയുടെ ‘ഫാങ്ചെങ്‌ബാവോ’ എന്ന ഉപബ്രാൻഡിന് കീഴിൽ Tai 7 എന്ന പേരിൽ ഈ എസ്‌യുവി ഇതിനകം വിൽക്കപ്പെടുന്നുണ്ട്. ഡിഫൻഡറിന്റെ സവിശേഷമായ പല ഘടകങ്ങളും Ti7ൽ കടമെടുത്തിട്ടുണ്ടെന്ന് ജെഎൽആർ വാദിക്കുന്നു. രണ്ട് വാഹനങ്ങളുടെയും പുറംരൂപത്തിലുള്ള സാമ്യമാണ് തർക്കത്തിന് പ്രധാന കാരണം. രണ്ട് വാഹനങ്ങളും തമ്മിൽ വ്യക്തമായ ഡിസൈൻ സാമ്യമുണ്ടെന്ന് കോടതി വിലയിരുത്തി. ഹെഡ്‌ലൈറ്റുകൾ, ഗ്രിൽ, ബോണറ്റ്, ബമ്പറുകൾ എന്നിവയിൽ വ്യത്യാസങ്ങളുണ്ടെന്ന ബിവൈഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.

യൂറോപ്യൻ യൂണിയനിൽ Ti7 ഇറക്കുമതി ചെയ്യുന്നതും നിർമിക്കുന്നതും വിൽപ്പനയ്ക്ക് എത്തിക്കുന്നതും വിൽക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതുമെല്ലാം വിലക്കിന്റെ പരിധിയിൽ വരും. ഹംഗറിയിൽ ആരംഭിക്കാനിരിക്കുന്ന ബിവൈഡിയുടെ പുതിയ നിർമാണശാലയിൽ ഈ വാഹനം നിർമിക്കുന്നതിനും വിലക്ക് ബാധകമാണ്. ഉത്തരവ് ലംഘിച്ചാൽ പരമാവധി 10 മില്യൺ യൂറോ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

എന്നാൽ ഈ വിലക്ക് ബ്രിട്ടനെ ബാധിക്കില്ല. ബിവൈഡിയുടെ ബ്രിട്ടീഷ് സബ്‌സിഡിയറിയുടെ കാര്യത്തിൽ അധികാരപരിധിയില്ലെന്ന് ഡച്ച് കോടതി വ്യക്തമാക്കിയതോടെ യുകെയിൽ വിലക്കേർപ്പെടുത്തണമെന്ന ജെഎൽആറിന്റെ ആവശ്യം കോടതി തള്ളി. 2027 ജനുവരിയിൽ ആരംഭിക്കാനിരുന്ന ബ്രിട്ടനിലെ Ti7 ഡെലിവറികൾക്ക് ഈ ഉത്തരവ് തടസ്സമാകില്ല. കോടതി വിധിയോട് ബിവൈഡി ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.Ti7 സ്വതന്ത്രമായി വികസിപ്പിച്ച വാഹനമാണെന്നും ജെഎൽആറിന്റെ സ്വത്തവകാശം ലംഘിച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ബിവൈഡ‍ി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇത് അന്തിമ വിധിയല്ല, താൽക്കാലിക വിലക്ക് മാത്രമാണ്. കേസിൽ പൂർണമായ നിയമനടപടികൾ ആരംഭിക്കാൻ ജെഎൽആറിന് ആറുമാസത്തെ സമയമുണ്ട്. ഈ കാലയളവിനുള്ളിൽ തുടർനടപടികൾ ആരംഭിച്ചില്ലെങ്കിൽ താൽക്കാലിക വിലക്ക് റദ്ദാകാനും സാധ്യതയുണ്ട്.



Post a Comment

0 Comments