തിരുവനന്തപുരം: തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. മെയ് 31ആം തീയതിയാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. തുടർന്ന് ജൂൺ 3ആം തീയതി വോട്ടെണ്ണൽ നടക്കുകയും ചെയ്യും. പിടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് ഇപ്പോൾ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.