മൊബൈൽ കളളനെ യുവതി സിനിമാ സ്റ്റൈലിൽ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെയാണ് പത്ത് ദിവസത്തിനു ശേഷം യുവതി തന്നെ പിടികൂടി പൊലീസിന് കൈമാറിയത്. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീറിനെയാണ് (44) മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജ പിടികൂടിയത്.ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരിയാണ് ബഹിജ. ഈ മാസം എട്ടാം തീയതിയാണ് ഇവരുടെ മൊബൈൽ കടയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. മരുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയ പ്രതി 12,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നു.