തളിപറമ്പ്: ഉത്സവാന്തരീക്ഷത്തില്‍ കണ്ണൂര്‍ ധര്‍മശാലയിലെ ഗവ. എന്‍ജിനിയറിങ് കോളേജിലെ പുതുതായി നിര്‍മിച്ച ലൈബ്രറി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു
കണ്ണൂര്‍ ഗവ എഞ്ചിനീയറിങ് കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളിലേക്കും ഉന്നത വിദ്യാഭ്യാസം എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
12.75 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 4987.58 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്ലോറിലായി ഡിജിറ്റല്‍ ലൈബ്രറി, ജനറല്‍ റീഡിങ് ഹാള്‍, ലോബി, സെക്യൂരിറ്റി റൂം, വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്
അതോടൊപ്പം ഒന്നാം നിലയില്‍ ലൈബ്രറി ഓഫീസ് റൂം, ചീഫ് ലൈബ്രേറിയന്‍ റൂം, ടെക്നിക്കല്‍ സ്റ്റാഫ് റൂം എന്നീ സൗകര്യങ്ങളും രണ്ട് - മൂന്ന് നിലകളിലായി സ്റ്റാക്ക് റൂം, ടോയ്ലറ്റ് എന്നിങ്ങനെയും ഒരുക്കിയിരിക്കുന്നു. ഒമ്പത് ക്ലാസ് റൂമുകള്‍ അടങ്ങുന്ന ഒരു അഡീഷണല്‍ ബ്ലോക്കും ഈ പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്
എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ പ്രകാശന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹമീദ് കെ എം, പ്രിന്‍സിപ്പല്‍ ഡോ. പി ജയപ്രകാശ്, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, പിടിഎ പ്രസിഡണ്ട് എം ഇ ദാമോദരന്‍, കെ സന്തോഷ്, ടി വി മധുകുമാര്‍, ടി പി പ്രകാശന്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഫാന എം എന്നിവര്‍ സംസാരിച്ചു.