കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാന്‍ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ കൈറ്റിന്റെ 'സമ്പൂര്‍ണ പ്ലസ്' ആപ്പ് അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയത് ആണ് ഈ ആപ്പ്.
കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്തി കൊണ്ടാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും ഉണ്ടാകും.
പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സമ്പൂര്‍ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്കൂളുകളില്‍ രക്ഷിതാവിന് സമ്പൂര്‍ണയില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും. സമ്പൂര്‍ണ പ്ലസിന്റെ ആദ്യ ഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്കൂളുകളിലായിരിക്കും.