രാജ്യത്തെ ഒരു കോടി ഭവനങ്ങളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിലൂടെ സാധാരണക്കാരുടെ കുടുംബത്തിന് പ്രതിവർഷം 15,000 - 18,000 രൂപ വരെ ലാഭിക്കാനാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇടക്കാല ബജറ്റ് അവതരണത്തിനിടയാണ് പുതിയ സൗരോർജ പദ്ധതിയുടെ പ്രഖ്യാപനം.2047ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുികയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് അവതരണമെന്നത് ശ്രദ്ധേയം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുറമെ ഭരണം, പ്രവർത്തനം എന്നിവയ്ക്കും മോദി സർക്കാർ പ്രാധാന്യം നൽകുന്നു. സുതാര്യമായ ഭരണമാണ് സർക്കാർ കാഴ്ചവെക്കുന്നത്.അഴമിതി ഇല്ലാതായെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണഫലം ലഭ്യമാക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. സമസ്ത മേഖലയിലും വികസനത്തിന് പ്രാധാന്യം നൽകുന്നു. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായ നിലയിലാണുള്ളത്. രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചുവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.