ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അധികാരത്തിൽ എത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാനും വാഗ്ദാനം പൂർത്തിയാക്കാനും ദേവഭൂമിയിലെ ജനങ്ങൾ അവസരം നൽകി. വിദഗ്ധ സമിതിയുടെ പ്രവർത്തനം പൂർത്തിയായതായി കഴിഞ്ഞു. ഫെബ്രുവരി 2ന് യുസിസി കമ്മിറ്റി കരട് സമർപ്പിക്കും. കരട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരും. ബിൽ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഫെബ്രുവരി അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും – മുഖ്യമന്ത്രി.
2022 മെയ് 27 നാണ് യുസിസി ഡ്രാഫ്റ്റ് തയ്യാറാക്കുന്നതിനുള്ള വിദഗ്ധ സമിതിയെ രൂപീകരിച്ചത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിംഗ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ, സാമൂഹിക പ്രവർത്തക മനു ഗൗർ എന്നിവരും ഉൾപ്പെടുന്നു. പൂർവ്വിക സ്വത്തുക്കളിൽ പെൺമക്കൾക്ക് ലിംഗസമത്വവും തുല്യാവകാശവും ഊന്നിപ്പറയുന്നതാണ് റിപ്പോർട്ട്. എന്നാൽ, സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താൻ നിർദേശിക്കുന്നില്ല. സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിലനിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡ് നിയമസഭ യുസിസി പാസാക്കിക്കഴിഞ്ഞാൽ, ബിജെപി ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ-ഗുജറാത്തും അസമും- സമാനമായ ബിൽ അസംബ്ലികളിൽ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്ങനെയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും.