തലശ്ശേരി: പൈതൃക നഗരിയായ തലശ്ശേരിയിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണെന്നും തലശ്ശേരി കോടതി മുതൽ സീവ്യൂ പാർക്ക് വരെ ക്ലിഫ് വാക് നിർമാണത്തിനും ജവഹർഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിടിപിസി എരഞ്ഞോളി പഞ്ചായത്തിൽ പൂർത്തിയാക്കിയ പുഴയോര സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കൻ കേരളത്തിലെ ടൂറിസം വികസനത്തിൽ തലശ്ശേരിയെ പ്രധാന മേഖലയായി കാണുന്നു. സഹകരണ-സൗകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ കൂട്ടായ സഹകരണം ടൂറിസം വികസനത്തിന് അനിവാര്യമാണ്. അതു പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ടുപോകും. തലശ്ശേരി ടൂറിസം വികസനത്തിന് സഹകരിക്കാൻ സ്വകാര്യ നിക്ഷേപകർ മുന്നോട്ടുവരുന്നുണ്ടെങ്കിൽ അവർക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ തലശ്ശേരിയിലേക്ക് വരുന്നവരുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നും തലശ്ശേരിയിൽ ടൂറിസം സ്പോട്ടുകൾ കൂടുതൽ വികസിപ്പിക്കാൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
99.9 ലക്ഷം രൂപക്കാണ് എരഞ്ഞോളിയിൽ പുഴയോര സൗന്ദര്യവൽകരണംനടത്തിയത്. പദ്ധതിയുടെ ഭാഗമായി വാക്കിങ് ഏരിയ, ഇരിപ്പിടങ്ങൾ, കഫ്തീരിയ, അലങ്കാര വിളക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാഥിയായി. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എംപി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തകുമാർ, സ്ഥിരംസമിതി അധ്യക്ഷ കെ ഡി മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വിജു, സ്ഥിരം സമിതി അധ്യക്ഷ ആർ എൽ സംഗീത, അംഗം സുശീൽ ചന്ദ്രോത്ത്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ ടി സി മനോജ് സംസാരിച്ചു.