ഇടുക്കി: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തില്‍ മകനെതിരെ നടപടി. കേരള ബാങ്കിന്‍റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്‍റായ എംഎം സജി മോനെ (55) തിരെയാണ് നടപടി. മകനെ കേരള ബാങ്ക് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.മകനെന്ന ഉത്തരവാദിത്തത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് കേരള ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു. മകള്‍ സിജിമോളെ (50) കുമളി പഞ്ചായത്തിലെ താത്ക്കാലിക ജോലിയില്‍നിന്ന് നേരത്തെ പിരിച്ചു വിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു 20ാം തിയതിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മക്കള്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. കുമളി അട്ടപ്പള്ളം സെന്‍റ് തോമസ് ഫെറോന പള്ളിയിൽ വെച്ചാണ് അന്നക്കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സംസ്‌കാരത്തിന് മുൻപ് കുമളി ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിനുവെച്ച ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. പള്ളിയിലെ സംസ്‌കാരച്ചടങ്ങുകൾ തീരുംവരെ ജില്ലാ കളക്ടർ ഷീബ ജോർജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
പൊതുജനങ്ങൾ അന്ത്യാജ്ഞലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായെത്തിയാണ് സ്വന്തം അമ്മയ്ക്ക് മകന്‍ ആദരാജ്ഞലി നൽകിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എസ്‌ഐ പല തവണ മകനെ വിളിച്ചെങ്കിലും നായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഒപ്പമുള്ള ബാങ്ക് ജീവനക്കാരുടെ ശ്രമവും പരാജയപ്പെട്ടു.പോലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒന്നാം മൈലിലെ സ്ഥലം വിറ്റതുക മാതാവ് വീതം വെച്ചതിലുള്ള പ്രതിഷേധമാണ് മകനെന്നാണ് അറിയുന്നത്. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടിയുടെ ജീവിതം.