ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീ. സെഷൻസ് ഇന്ന് ശിക്ഷാ വിധി പറയും. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവ്വം അല്ലെന്നും രാഷ്ട്രീയ കൊലപാതകം ആണെന്നും പരമാവധി ഇളവ് നൽകണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വധിച്ചത്. (2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. ഡിസംബർ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ കൊല്ലപ്പെട്ടു. പിറ്റേന്ന് പുലർച്ചെ രൺജിത്ത് ശ്രീനിവാസനെ ഒരു സംഘം വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കേസിലെ 15 പ്രതികൾ മാവേലിക്കര ജില്ലാ ജയിലിലാണ്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുകളുമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ തെളിവായി ഹാജരാക്കിയത്.