മലപ്പുറം: 2019ൽ ക്ഷേത്ര ദർശനത്തിനിടെ നഷ്ടമായ താലിമാല തിരികെ കിട്ടിയ സന്തോഷത്തിൽ യുവതി. ക്ഷേത്ര ദർശനത്തിനായി ഭർത്താവിന്റെ കൂടെ പോയ സമയത്താണ് ചെറുകര പുളിങ്കാവിലുള്ള ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടെ മാല നഷ്ടപ്പെട്ടത്. വർഷം നാല് കഴിഞ്ഞിട്ടും മാലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തന്നെക്കൊണ്ടാവുന്ന തരത്തിൽ സുദീപയും അനീഷും മറ്റു കുടുംബാംഗങ്ങളും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. എന്നാൽ സുദീപയേക്കാൾ നാലുവർഷത്തിലേറെയായി ഈ താലിമാല കൈവശം വെച്ച് ഉടമയെ കാത്തിരുന്ന അങ്ങാടിപ്പുറം മേലേ അരിപ്രയിലെ മാമ്പ്ര നരിമണ്ണിൽ അൻവർ ഷമീമിനാണ് ഏറെ ആശ്വാസം. സെയിൽസ് ജോലിക്കാരനായ ഷമീമിന് 2019ൽ കൊവിഡ് കാലത്ത് പരിയാപുരം മില്ലിൻപടിയിൽ റോഡിൽനിന്നാണ് വാഹനം കയറി ചളുങ്ങിയ നിലയിൽ രണ്ടു പവന്റെ സ്വർണമാല കിട്ടുന്നത്. അടുത്തുള്ള കടയിൽ നൽകി ഉടമകളാരെങ്കിലും വന്നാൽ തിരിച്ചുനൽകാൻ ഏൽപ്പിച്ചു. പത്തുദിവസം ആരും വരാതായതോടെ ഷമീം സമൂഹമാധ്യമങ്ങളിൽ മാല ലഭിച്ചത് സംബന്ധിച്ച് പോസ്റ്റ് ഇട്ടു. പല ആളുകളും വിളിച്ചെങ്കിലും പറഞ്ഞ അടയാളം ഒത്തുവന്നില്ല. നാലുവർഷം പിന്നിട്ടതോടെ ഇനി ആരും വരാനുണ്ടാവില്ലെന്ന് കരുതിയിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്. ഈ കഴിഞ്ഞ ആഴ്ച്ചയാണ് അൻവർ ഷമീം മാല കിട്ടിയ വിവരം പെരിന്തൽമണ്ണയിലെ സാമൂഹിക പ്രവർത്തകൻ താമരത്ത് ഹംസുവിനെ അറിയിച്ചതും ഉടമയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതും. ഇതോടെ ജനുവരി 25ന് ഉച്ചക്ക് 12.15 മണിക്ക് മാലയുടെ ഉടമയെ കണ്ടെത്താൻ ഹംസു സോഷ്യൽ മീഡിയയയിലെ തന്റെ ഗ്രൂപ്പുകളിൽ വ്യാപകമായി അറിയിപ്പ് നൽകി.
മരണ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ ഹംസുവിന് നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട്. ഇതുവഴിയാണ് പ്രചാരണം നടത്തിയത്. പിറ്റേ ദിവസം തന്നെ സ്വർണ്ണമാലയുടെ ഉടമ തെളിവ് സഹിതം ബന്ധപ്പെട്ടു. സ്വർണ്ണ താലിമാല കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.എച്ച്.ഒയുടെയും മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ അൻവർ ഷമീമും താമരത്ത് ഹംസുവും സുദീപക്ക് കൈമാറി. നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വർണ്ണ മാല തിരിച്ചു കിട്ടിയ സന്തോഷത്തിൽ സുദീപയും നാല് വർഷമായി ഉണ്ടായിരുന്ന ഉത്തരവാദിത്വം ഒഴിഞ്ഞ് കിട്ടിയ നിർവൃതിയിൽ അൻവർ ഷമീമും, ഇരുവരെയും സഹായിക്കാനായതിന്റെ ആഹ്ലാദത്തിൽ ഹംസുവും പൊലീസ് സ്റ്റേഷൻ വിട്ടിറങ്ങി.