മലപ്പുറം: ഇറച്ചിയെന്ന് പറഞ്ഞ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് കുപ്പിയിൽ കഞ്ചാവ് നൽകിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഓമാനൂർ സ്വദേശി അമ്പലത്തിങ്ങൽ ഫിനു ഫാസിലിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തത്. നാട്ടുകാരനും സുഹൃത്തുമായ പള്ളിപ്പുറായ സ്വദേശി നീറയിൽ പി.കെ. ഷമീം ഇന്നലെ പിടിയിലായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടന്നാണ് പ്രാഥമിക വിവരമെന്ന് വാഴക്കാട് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്‌പദമായ സംഭവം.ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ സാധനങ്ങൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പാക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകി. മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു.
Friday 9 February 2024
Home
. NEWS kerala
ഇറച്ചിയെന്ന് പറഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് നൽകിയത് കഞ്ചാവ്, സംഭവത്തിൽ 23കാരൻ കൂടി പിടിയിൽ