കോട്ടയം: ചിങ്ങവനത്ത് കഞ്ചാവ് ലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പൊലീസ് സാഹസികമായി പിടികൂടി. നടുറോഡിൽ ക്രയിൻ കുറുകെയിട്ടാണ് അപകടമുണ്ടാക്കിയ കാർ പൊലീസ് തടഞ്ഞത്. കാറിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ ദമ്പതികൾ യാത്ര ചെയ്ത കാർ സഞ്ചരിച്ചത്. ഇതിനിടെ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ പോയി. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം എസ് എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെമിനാരിപ്പടി ഭാഗത്ത് റോഡിന് കുറുകെ ക്രെയിൻ നിർത്തി കാർ തടയുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ദമ്പതികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടയിൽ യുവാവ് പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കാറിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, സ്വർണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. പൊലീസ് വാഹനത്തിലിരുന്നും ഇരുവരും നാട്ടുകാരോട് കയർത്തു.വാഹനത്തിനുള്ളിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നും ഇതേ തുടർന്നാണ് അരുൺ അലക്ഷ്യമായി വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.