ശ്രീകണ്ഠപുരം: ശരാശരി മലയാളി രക്ഷിതാക്കൾ സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നുവെന്നും മറിച്ച് കുട്ടികൾക്ക് അവരവരുടേതായ സ്വപ്നങ്ങൾ ഉണ്ടെന്നും അവ സാക്ഷാത്കരിക്കാൻ സഹായിക്കുന്നവരാണ് നല്ല രക്ഷിതാക്കളെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ഇത് കുട്ടികളുടെ ജീവിതത്തിലെ സന്തോഷം കെടുത്തുന്നു. കുട്ടികൾക്ക് അവരവരുടെ തായ ചിന്തകകളും സ്വപ്നങ്ങളും ഉണ്ട്. അവ കണ്ടെത്തുകയും നേടിയെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ആണ് വേണ്ടത്. തങ്ങളുടെ വഴി തങ്ങൾ തന്നെ തെരഞ്ഞെടുത്ത് സന്തോഷം നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും. നേരെമറിച്ച് തങ്ങളുടെ സ്വപ്നം അടിച്ചേൽപ്പിക്കുക വഴി കുട്ടികളുടെ സന്തോഷം കെടുത്തുന്ന സമീപനം രക്ഷിതാക്കൾ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്വന്തം ജീവിതാനുഭവം അതാണ് തന്നെ പഠിപ്പിച്ചത്. മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെ ഇഷ്ടങ്ങൾക്കായി തന്നെ നിർബന്ധിച്ചിട്ടില്ലെന്നും അതാണ് ഇന്ന് കാണുന്ന രീതിയിലേക്കുള്ള തന്റെ വളർച്ചയുടെ ആദ്യ പടവുകൾ കയറാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തർദേശീയ കാഴ്ചപ്പാടും ആധുനിക ചിന്താരീതിയും വളർത്തിയെടുക്കുന്ന വിദ്യാഭ്യാസ പ്രക്രിയ ആണ് കേരളത്തിൽ ഉയർന്നു വരേണ്ടത്. അത് മാറുന്ന ലോക ക്രമത്തിൻറെ നെറുകയിലേക്ക് എത്താൻ കേരളത്തിലെ കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വ്യത്യസ്തമായ ചിന്തകളും കാഴ്ചപ്പാടുകളും ഉറപ്പാക്കുന്ന അധ്യാപനം കുട്ടികൾക്ക് പുതിയ വഴി തിരഞ്ഞെടുക്കാൻ സഹായിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം അതിനു കുട്ടികളെ പ്രാപ്തരാക്കുന്നത് ആവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുമായി ഏറെനേരം സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രചോദനമാകുന്നതായിരുന്നു അദ്ദേഹത്തിൻറെ സന്ദർശനം എന്ന് പ്രിൻസിപ്പൽ ബ്രദർ ഡോ. റജി സ്കറിയ സിഎസ്ടി പറഞ്ഞു. സ്കൂൾ മാനേജർ ബ്രദർ എം.പി ബിജു സിഎസ്ടി, ബ്രദർ സി.ടി സൈമൺ സിഎസ്ടി, ഫാദർ റോയി വടകര ഡോ.മനു ജോസഫ്.പി പി പ്രദ്യുമ്നൻ, വിൻസൻറ് ഫിലിപ്പ്, തോമസ് കുര്യൻ എന്നിവർ സംസാരിച്ചു.