കൊച്ചി: തിങ്കളാഴ്ച കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്കായി കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.30വരെ ഉണ്ടാകും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഒരുക്കിയിട്ടുണ്ട്.മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സൗകര്യമുണ്ടാകും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കുന്നതിനാണ് ഇത്. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനും കെഎംആർഎൽ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം യാത്രക്കാർക്ക് ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. അൻപത് കാറുകളും 10 ബസുകളും ഒരോസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ മെട്രോ സ്റ്റേഷനിലുള്ളത്.