പത്തനംതിട്ട കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ടിബി രോഗബാധിതനായ ഇദ്ദേഹം ആറു വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു. ടിബി രോഗത്തിന്റെ ചികിത്സയ്ക്ക് ജയപ്രസാദ് ആശുപത്രിയിലേക്ക് വരുന്നില്ല എന്ന് പിണങ്ങി കഴിയുന്ന ഭാര്യയോട് ആശുപത്രി അധികൃതർ തന്നെയാണ് വിളിച്ചുപറഞ്ഞത്. കോന്നി മരങ്ങാട്ട് വീടിനു സമീപത്ത് അന്വേഷിച്ചപ്പോഴും ജയപ്രസാദിനെ കുറെ നാളുകളായി ആരും കണ്ടിരുന്നില്ല. തുടർന്ന് ഭാര്യ അമ്പിളി പരാതി നൽകുകയായിരുന്നു. ഇന്ന് മരങ്ങാട്ട് വീട്ടിലെത്തിയ അമ്പിളി നടത്തിയ പരിശോധനയിൽ വീട് അകത്ത് കുറ്റിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ജനൽ തുറന്നപ്പോൾ ദുർഗന്ധം വമിച്ചത്തോടെ വാർഡ് മെമ്പറെയും പൊലീസിനെയും വിവരമറിയിച്ചു.
ആറു വർഷമായി ജയപ്രസാദും ഭാര്യയും അകന്നാണ് കഴിയുന്നത്. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. കോന്നി പൊലീസ് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.