വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യയിൽ നിന്ന് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഏറെ മുന്നിൽ. കാനഡയിലെ ഇന്ത്യക്കാർ നിലവിൽ കുടിയേറ്റ പ്രശ്‌നം അതിതീവ്രമായി അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, അതിൽ ഗുരുതര പ്രശ്‌നം നേരിടുന്നത് പഞ്ചാബിൽ നിന്നുള്ളവരാണ്. പഞ്ചാബുകാർക്ക് കാനഡ വളരെക്കാലമായി കുടിയേറ്റ രാജ്യങ്ങളിലേക്കുള്ള നറുക്കെടുപ്പാണെങ്കിൽ ഇപ്പോൾ കനേഡിയൻ സ്വപ്നം അസ്തമിക്കുകയാണ്. പഞ്ചാബിലെ കൃഷിയിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കാണാം, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കുടിയേറ്റം വാഗ്ദാനം ചെയ്യുന്ന ബിൽബോർഡുകൾ. യുവാക്കൾക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനം വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ കൺസൾട്ടൻസികളുടെ പരസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മണ്ണിൽ നിന്നുള്ള വിദേശ കുടിയേറ്റം ഒരു നൂറ്റാണ്ടിലേറെയായി നാം കാണുന്നതാണ്. കാനഡയിലെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഉൾപ്പെട്ട സിഖ് സൈനികർ മുതൽ സ്വാതന്ത്ര്യാനന്തരം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഗ്രാമീണ പഞ്ചാബികൾ വരെ വിദേശ കുടിയേറ്റത്തിന്റെ ബാക്കിപത്രങ്ങളാണ്. എന്നാൽ കാനഡയിൽ നിന്ന് ഇവരിൽ പലരുടെയും നാട്ടിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ.
പഞ്ചാബികളോടുള്ള കനേഡിയൻ ജനതയുടെ സമീപനം ഇപ്പോൾ അത്ര സുഖകരമല്ല. കടുത്ത പ്രാദേശിക വാദത്തിലൂന്നി കനേഡിയൻ മണ്ണിൽ സമരം ചെയ്യുന്ന ഇന്ത്യക്കാരുടെ ഊർജസ്വലതയൊന്നും യഥാർത്ഥത്തിൽ അവർക്ക് വേണ്ട. കാനഡയിൽ വന്ന് തങ്ങളുടെ തന്നെ സർക്കാരിനെതിരെയും നയങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്നവരെ നാടുകടത്തുന്ന സാഹചര്യമാണിത്. കാനഡയിൽ താമസിച്ച് പഠിച്ച് പഠനത്തോടൊപ്പം ജോലിയും ചെയ്യാമെന്ന പഞ്ചാബി വിദ്യാർത്ഥികളുടെ സ്വപ്‌നം കൊഴിഞ്ഞുതുടങ്ങി. ജീവിത ചിലവുകൾ കൂടി.അതിജീവിക്കാൻ വേണ്ടി കോളജ് കഴിഞ്ഞ് എല്ലാ ആഴ്ചയും 50 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നു ഇവരിൽ പലർക്കും. ഉയർന്ന പണപ്പെരുപ്പം നിരവധി വിദ്യാർത്ഥികളെ അവരുടെ പഠനം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയാണ്. കാനഡയിൽ മികച്ച ജീവിതം സ്വപ്‌നം കണ്ട് ഇങ്ങനെ പോയവരിൽ ഭൂരിഭാഗവും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരും അതിന് ശ്രമിക്കുന്നവരുമാണ്. ഇപ്പോൾ കാനഡയിൽ പോയ പഞ്ചാബികളിൽ മിക്കവരും റിവേഴ്‌സ് കുടിയേറ്റക്കാരാണ്. ഇമിഗ്രേഷൻ ഏജന്റുമാർ നൽകുന്ന വിവരങ്ങളിലെ കനേഡിയൻ സ്വപ്‌നങ്ങളും ടൊറന്റോയിലെയും വാൻകൂവറിലെയും കുടിയേറ്റ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്.