ബറോഡ: ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമമെടുത്തശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഒടുവില്‍ പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്. ബറോഡയിലെ കിരണ്‍ മോറെ ക്രിക്കറ്റ് അക്കാദമിയിലാണ് ഇഷാന്‍ കിഷന്‍ പരിശീലനം നടത്തുന്നതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കിഷന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്‍റെ അക്കാദമിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശീലനം നടത്തുന്നുണ്ടെന്ന കാര്യം കിരണ്‍ മോറെയും സ്ഥിരീകരിച്ചു.മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സഹോദരനും ലഖ്നൗ സൂപ്പര്‍ ജയന്‍റ് താരവുമായ ക്രുനാല്‍ പാണ്ഡ്യക്കുമൊപ്പമാണ് കിഷന്‍ ബാറ്റിംഗ് വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ടായിരുന്ന കിഷന്‍ ടി20 പരമ്പരക്കിടെ പെട്ടെന്ന് വിശ്രമം ആവശ്യപ്പെട്ട് മടങ്ങിയത് സെലക്ടര്‍മാരെ ചൊടിപ്പിച്ചിരുന്നു.