ഡല്‍ഹി:: കെവൈസി അപ്‌ഡേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്ഡേഷൻ എന്ന പേരില്‍ ഉപഭോക്താക്കള്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതായുള്ള തുടർച്ചയായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍, നഷ്ടം തടയുന്നതിനും അത്തരം അപകടങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
കെവൈസി അപ്ഡേഷൻ എന്ന പേരില്‍ തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍, എസ്‌എംഎസ്, ഇ-മെയില്‍ തുടങ്ങിയവ മുഖേന ഉപഭോക്താക്കളെ ബന്ധപ്പെട്ട് അവരില്‍നിന്നും അക്കൗണ്ട്, ലോഗിൻ വിവരങ്ങളും അനധികൃത ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് മെസേജ് ചെയ്ത് അതിലൂടെ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി ആർബിഐ പറയുന്നു.
ഉപഭോക്താവ് വിവരങ്ങള്‍ കൈമാറാതിരുന്നാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും ബ്ലോക്ക് ചെയ്യുമെന്നുമുള്ള ഭീഷണി തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു.
ഉപഭോക്താവ് അവരുടെ വ്യക്തിഗത അല്ലെങ്കില്‍ ലോഗിൻ വിവരങ്ങള്‍ കൈമാറുന്നതിലൂടെ തട്ടിപ്പുകാർ അനധികൃതമായി അക്കൗണ്ട് ലോഗിൻ ചെയ്ത് പണം തട്ടുന്നതായും ആർബിഐ അറിയിച്ചു. ഇത്തരം സൈബർ തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ പൊതുജനങ്ങള്‍ നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടല്‍ (www.cybercrime.gov.in) മുഖേനയോ അല്ലെങ്കില്‍ സൈബർക്രൈം ഹെല്‍പ്‌ലൈൻ (1930) മുഖേനയോ പരാതിപ്പെടണം.