രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. അയോധ്യ രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തിൽ ഇരുസഭകളിലും ചർച്ച നടക്കും. ലോക്‌സഭയിൽ നോട്ടീസ് നൽകിയത് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി അംഗം സത്യപാൽ സിങ്ങ് ആണ്ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഇരുസഭകളിലെയും പാർട്ടി അംഗങ്ങൾക്ക് വെള്ളിയാഴ്ച വിപ്പ് നൽകി. ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ അജൻഡകളൊന്നും പറയാതെ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.
രാജ്യസഭയിൽ ധവളപത്രത്തിന്മേലുള്ള ചർച്ചകളും നടക്കും. ലോക്സഭയിൽ ഇന്നലെ ധവളപത്രത്തിന്മേലുള്ള ചർച്ച നടന്നിരുന്നു. യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശനമാണ് ഉയർത്തിയത്. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.