തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് 10001 രൂപയുടെ ചെക്ക് അയക്കുമെന്ന് ബിജെപി നേതാവും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ ഇ കൃഷ്ണദാസ്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സുനിൽ പി ഇളയിടം പ്രതികരിച്ചാൽ 10001 രൂപ അദ്ദേഹത്തിന് പാരിതോഷികം നൽകുമെന്ന് ഇ കൃഷ്ണദാസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തിൽ സുനിൽ പി ഇളയിടം പ്രതികരിച്ചു. തുടർന്നാണ് അദ്ദേഹത്തിന് 10001 രൂപയുടെ ചെക്ക് അയക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞത്.പൂക്കോട് വെറ്ററിനറ സർവകലാശാലയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവാണുണ്ടായതെന്ന് സുനിൽ പി ഇളയിടം പ്രതികരിച്ചു. ക്യാമ്പസുകളിലെ അക്രമങ്ങളെയും അരാജകത്വത്തെയും ചെറുത്തുതോൽപ്പിക്കാൻ ഏറ്റവുമധികം ഉത്തരവാദിത്തമുള്ള എസ്എഫ്ഐയുടെ നേതാക്കൾ തന്നെ സംഭവത്തിൽ ഉൾപ്പെട്ടു എന്നത് എതിർക്കപ്പെടേണ്ടതാണ്. ആൾക്കൂട്ടം സംഘടനയെ നിയന്ത്രിക്കുന്നതാണ് അവിടെ കണ്ടത്. ആൾക്കൂട്ട വിചാരണം ഒരിക്കലും അംഗീകരിക്കാനോ വെച്ചുപൊറിപ്പിക്കാനോ ആകില്ല.സംഘടനയുടെ നേതാക്കൾ തന്നെ അതിലുൾപ്പെട്ടെന്നത് അംഗീകരിക്കാനാകില്ല. ഉത്തരേന്ത്യയിൽ കാണുന്നതുപോലുള്ള ആൾക്കൂട്ട വിചാരണയാണ് പൂക്കോട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ രാഷ്ട്രീയം ഇല്ലാതായാൽ മത-വർഗീയ പ്രസ്ഥാനങ്ങളുടെ അപകടകരമായ കടന്നുകയറ്റമുണ്ടാകുമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.