സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇരിട്ടിയിലെ പ്രശസ്തമായ കീഴൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന വാർഷിക മഹോത്സവം ഏപ്രിൽ 3 മുതൽ ആരംഭിക്കുകയാണ്. സമാപന ദിവസമായ 11 വരെ വിശേഷാൽ ചടങ്ങുകളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും ഉത്സവം നടക്കും.
ഏപ്രിൽ 3 ന് ബുധനാഴ്ച ശുദ്ധിക്രിയകൾ നടക്കും. 3 നു വൈകുന്നേരം 5 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കലവറ നിറക്കൽ ഘോഷയാത്ര നേരമ്പോക്കിലെ ആൽത്തറ പരിസരത്തു നിന്നും ആരംഭിക്കും. 4 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആചാര്യവരണം മുളയിടൽ എന്നിവ നടക്കും. 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് എം. പ്രതാപനും കുടുംബവും ഒരു നിർദ്ധന കുടുംബത്തിന് നൽകുന്ന വീടുവെക്കാൻ ആവശ്യമായ ഭൂമിയുടെ രേഖ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത മുഖാന്തിരം കുടുംബത്തിന് കൈമാറും. ചടങ്ങിൽ വിശിഷ്ട വക്തികളെ ആദരിക്കും.
തുടർന്ന് 8 മണിക്ക് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടക്കും. വിലങ്ങര ഇല്ലത്തിന്റെ നിർദ്ദേശപ്രകാരം ആചാര്യന്മാർ കൊടിയേറ്റ് നിർവഹിക്കും. ചെറുതാഴം ചന്ദ്രന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ കൊടിയേറ്റ വാദ്യം, തുടർന്ന് കൊടിയേറ്റ പായസ വിതരണം എന്നിവയും നടക്കും.
5 ന് വെള്ളിയാഴ്ച രാവിലെ 10.30ന് ഭഗവതി സ്ഥാനത്ത് പ്രതിമാസ വിശേഷാൽ പൂജയും വഴിപാടും നടക്കും. ഉച്ചക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 6.30ന് ദീപാരാധനയ്ക്കു ശേഷം ഭഗവതി സ്ഥാനത്ത് ഗുരുതിതർപ്പണം, 7 മണിക്ക് ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂരിന്റെ ആധ്യാത്മിക പ്രഭാഷണം, തുടർന്ന് 8 മണിക്ക് തായമ്പക.
6 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 5.30 ന് പയ്യന്നൂർ നവനീത് നമ്പൂതിരിയുടെ തിടമ്പ് നൃത്തം, രാത്രി 9 ന് കലാമണ്ഡലം നയന അവതരിപ്പിക്കുന്ന രാമചരിതമാനസം ഓട്ടൻ തുള്ളൽ,
7 ന് ഞായറാഴ്ച രാവിലെ പ്രതിമാസം നടക്കുന്ന മൃത്യുഞ്ജയ ഹോമം, വൈകുന്നേരം 5 മണിക്ക് ശിവപ്രസാദ് മനോളിത്തായയുടെ തിടമ്പ് നൃത്തം, 9 മണിക്ക് കണ്ണൂർ നടനകലാക്ഷേത്രത്തിന്റെ പ്രശസ്തമായ നൃത്തനാടകം കടാങ്കോട്ട് മാക്കം .
8 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന മാതൃസമ്മേളനത്തിൽ സി.കെ. ലളിതടീച്ചർ പ്രഭാഷണം നടത്തും. മത്ര്യസമിതി പ്രസിഡന്റ് പത്മാക്ഷി രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 5 മണിക്ക് കേളികൊട്ടിനും മേള പ്രദക്ഷിണത്തിനും ശേഷം കാസർകോട് ശ്രീനിധി നമ്പൂതിരിയുടെ തിടമ്പ് നൃത്തം നടക്കും. തുടർന്ന് തായമ്പക, 15 വയസ്സിനു താഴെയുള്ള കുട്ടികൾ അവതരിപ്പിക്കുന്ന പ്രാദേശിക കലാപരിപാടികൾ.
9 ന് ചൊവ്വാഴ്ച രാവിലെ 7.30 ന് പറയെടുപ്പോടുകൂടിയുള്ള ഉത്സവബലി, ഉച്ചക്ക് 2 മണിക്ക് അക്ഷരശ്ലോക സദസ്സ് , വൈകുന്നേരം 5 മണിക്ക് മോതിരംവെച്ച് തൊഴൽ, ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം,രാത്രി 9 ന് 15 വയസ്സിനു മുകളിലുള്ളവർ അവതരിപ്പിക്കുന്ന പ്രാദേശിക പരിപാടികൾ.
10 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് അക്ഷരശ്ലോകസദസ്സ്, വൈകുന്നേരം 5 മണിക്ക് മോതിരം വെച്ച് തൊഴൽ, ബദരിമന കേശവൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, തായമ്പക എന്നിവക്ക് ശേഷം ഉത്സവത്തിലെ പ്രധാന ചടങ്ങായ പാണ്ടിമേള സഹിതമുള്ള പള്ളിവേട്ട, പള്ളിവേട്ട തിരിച്ചെത്തിയശേഷം കരിമരുന്ന് പ്രയോഗം, തുടർന്ന് പള്ളിക്കുറുപ്പ്. ഉത്സവത്തിന്റെ അവസാന ദിവസമായ 11 ന് വ്യാഴാഴ്ച രവിലെ 6 മണിക്ക് പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാഹോമം, ക്ഷേത്രക്കടവായ ബാവലിപ്പുഴയിൽ ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളത്തിന് ശേഷം കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപ്പൂജ, തുടർന്ന് 1 മണിയോടെ നടക്കുന്ന സമൂഹസദ്യയോടെ ഉത്സവത്തിന് സമാപനമാകും.
we one keral a sj