മലപ്പുറം: നിലമ്പൂർ ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തില്‍ സ്ഥാപിച്ച കാമറയും മോഷ്ടിച്ച കള്ളന്മാർ പിടിയിലായി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു, പൂലോടൻ ശ്രീജിത്ത്, മരുതത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.കമുകിൻ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്. തുടർന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരു ക്യാമറയിൽ റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ കാമറ മോഷ്ടിച്ചതിന് പൊലീസ് കേസെടുത്തു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.