രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.രാഹുൽ ജി വലിയ നേതാവൊക്കെയാണ്, പക്ഷേ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എത്തുന്നില്ലെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി.
വയനാട്ടിൽ കാട്ടന ആക്രമണത്തിൽ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. കാട്ടാന ആക്രമണങ്ങളെ ശാസ്ത്രീയമായി തടയുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാറിനില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് എം പി തിരിഞ്ഞു നോക്കുന്നില്ല.
വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നു. വയനാട്ടിൽ തുടർച്ചയായി വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.