തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. വ്യാഴാഴ്ച പീക്ക് ടൈമിലെ ആവശ്യകത 5150 മെഗാവാട്ടിൽ എത്തി. ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്.വേനല്‍ കനക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇക്കുറി വേനലിന്‍റെ തുടക്കത്തില്‍ തന്നെ വൈദ്യുത ഉപയോഗം വളരെയധികം കൂടിയിരുന്നു. എയര്‍ കണ്ടീഷ്ണര്‍ ഉപയോഗം കൂടുന്നതാണ് ഇതില്‍ വലിയ പങ്ക് വഹിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വേനല്‍ കടുക്കുന്നതിന് അനുസരിച്ച് വൈദ്യുത ഉപയോഗം പിന്നെയും കൂടുമെന്നത് നേരത്തെ വ്യക്തമായിരുന്നു.
സ്ഥിതിഗതികള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാനം പ്രതിസന്ധി നേരിടുമെന്നും കെഎസ്ഇബി സൂചന നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച വൈദ്യുത പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു. പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക തീര്‍ത്തുകിട്ടുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇനിയും കുടിശിക തീര്‍ത്തുകിട്ടിയില്ലെങ്കില്‍ കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന നിലയിലാണുള്ളത്.