എറണാകുളം കോതമംഗലം സ്വദേശിനി സാറാമ്മയുടെ കൊലപാതകത്തിൽ, അയൽവാസികളായ മൂന്നുപേർ പൊലീസ് നിരീക്ഷണത്തിൽ. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. സാറാമ്മയുടെ പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. കഴിഞ്ഞ ദിവസമാണ് കോതമംഗലം കള്ളാട് സ്വദേശി സാറാമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം നടന്നത് ഉച്ചയ്ക്ക് 1.30 നും 3.30 നും ഇടയിലാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ സാറാമ്മ തനിച്ചായിരുന്നു. നാലുമണിയോടെ ജോലി കഴിഞ്ഞ് എത്തിയ മരുമകളാണ് മൃതദേഹം ആദ്യമായി കണ്ടത്. തുടർന്ന് കോതമംഗലം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. റൂറൽ എസ്പി വൈഭവ് സക്സേന, മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.വീടിൻറെ പരിസരത്ത് മഞ്ഞൾപൊടി വിതറിയ നിലയിലുമായിരുന്നു. വിവരംമറിഞ്ഞ് കോതമംഗലം നിയമസഭാംഗം ആൻ്റണി ജോൺ സ്ഥലം സന്ദർശിച്ചിരുന്നു. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിൽ കൊലപാതകം നടന്നതാവാം എന്നാണ് പൊലീസ് നിഗമനം.
WEONE KERALA
SM