ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇയാൾ ഹൈദരാബാദിൽ ആണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന വധ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങി. റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചത്. ഇന്നലെ ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇന്ന് രാവിലെ സംഗറെഡ്ഡിയിലും മോദി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ദേവസ്ഥാനത്തിൽ എത്തിയ മോദി ക്ഷേത്രദർശനം നടത്തി. മോദിയെ 'വല്യേട്ടൻ' എന്നാണ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്.