ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ ചക്കക്കൊമ്പൻ എത്തിയത്. സിങ്കുകണ്ടം ടൗണിലൂടെയാണ് ആദ്യം എത്തിയത്. നാട്ടുകാർ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങിയ ചക്കക്കൊമ്പൻ കൃഷികൾ നശിപ്പിച്ചു.ഇന്ന് പുലർച്ചയോടെയാണ് ചക്ക കൊമ്പൻ വനത്തിലേക്ക് മടങ്ങിയത്. തുടർച്ചയായി ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ അരിക്കൊമ്പന്റെ വിഹാര കേന്ദ്രമായിരുന്ന ഈ പ്രദേശത്തുനിന്ന് കൊമ്പനെ മാറ്റിയതിനുശേഷം കാട്ടാന ആക്രമണങ്ങളിൽ കുറവ് ഉണ്ടായിരുന്നു.
എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം മേഖലയിൽ സജീവമാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമേയാണ് ചക്ക കൊമ്പൻ വീടുകളും റേഷൻ കടകളും ആക്രമിക്കുന്നത്
.