കോൺഗ്രസിന്റെ ഡസൻ നേതാക്കളാണ് ഇന്ത്യയിലുടനീളം ബിജെപിയിലേക്ക് പോകുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്നും അദ്ദേഹം ചോദിച്ചുകേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബിജെപികാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്.
എ കെ ആൻ്റണി മകൻ പോയി. കരുണാകരന്റെ മകൾ പോകുന്നു. ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. കോൺഗ്രസിന്റെ മൃദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിനു തെളിവാണ്. കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ് എന്ന് എം വി ഗോവിന്ദൻ ചോദിച്ചു.മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്നാണ് വിവരം.
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാൽ പിൻവലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാൽ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ അത് കോൺഗ്രസിനേൽക്കുന്ന കനത്ത തിരിച്ചടിയാകും.