അഴിമതിയും ഖജനാവ് ചോർച്ചയും ഇല്ലാതായ പത്ത് വർഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജാതിയും മതവും സമുദായവും നോക്കാതെ അർഹരായവർക്ക് ലഭിക്കേണ്ടതെല്ലാം ലഭിക്കുന്ന സദ്ഭരണമാണ് രാജ്യം കണ്ടത്.മൂന്നാംതവണയും നരേന്ദ്രമോദി സർക്കാർ എന്നത് രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം ഏവരും അംഗീകരിച്ചുകഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാമനപുരം മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൗകര്യവികസനത്തിൽ രാജ്യം വലിയ കുതിപ്പ് നടത്തി. കുടിവെള്ളവും ശുചിമുറികളും വീടും അർഹരായവർക്ക് ലഭിച്ചു. റോഡും റെയിൽ ഗതാഗതവും മുന്നേറി. യുവാക്കൾക്ക് തൊഴിലവസരവും സ്ത്രീകൾക്ക് സംരഭങ്ങൾക്കുള്ള സഹായവും ലഭിച്ചു.
നരേന്ദ്രമോദി പ്രസംഗിക്കാൻ എഴുന്നേൽപ്പിക്കുമ്പോൾ ഇറങ്ങിപ്പോകുന്ന ജനപ്രതിനിധിയെയാണോ നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നയാളെ തിരഞ്ഞെടുക്കേണ്ടത് കേരളത്തിലെ വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം.
ആറ്റിങ്ങൽ രാഷ്ട്രീയ പാരമ്പര്യവും ചിന്താശേഷിയും ഉള്ളവരുടെ മണ്ഡലമാണ്. എന്നാൽ മണ്ഡലത്തിൻറെ വികസനത്തിന് നേതൃത്വം നൽകുന്നത് കഴിവുള്ള കരങ്ങളില്ലാത്തത് കൊണ്ട് പലകാര്യങ്ങളിലും പിന്നോട്ട് പോയി.
നരേന്ദ്രമോദിയുടെ ഭരണത്തിൻ്റെ ഭാഗമാകുന്ന ഒരാളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ വിവേകം ആറ്റിങ്ങലിലെ ജനങ്ങൾക്കുണ്ടാവുമെന്നും വി.മുരളീധരൻ പറഞ്ഞു.