പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ ആണ് കെൽട്രോൺ എന്ന് മന്ത്രി പി രാജീവ്. കെൽട്രോണിന്റെ പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. 1000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങും എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.സമീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ് എന്ന് മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും വരെ കെൽട്രോൺ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടി. കെൽട്രോണിന്റെ പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും അംഗീകാരം ആണ് എന്നും മന്ത്രി കുറിച്ചു.