പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎയ്‌ക്കെതിരെ കോൺഗ്രസ് ആത്മാർത്ഥമായി അണിനിരന്നിട്ടില്ല. പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത്. കോൺഗ്രസ് കുറ്റകരമായ മൗനം പാലിച്ചു. സമരത്തിൻ്റെ മുൻനിരയിൽ നിന്ന വ്യക്തിയാണ് അനി രാജ എന്നും മുഖ്യമന്ത്രി.മലപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബഹുജന പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ കോൺഗ്രസ് എന്ത് നിലപാടാണ് സ്വീകരിച്ചത്? ആദ്യം, കേരളത്തിൽ സിഎഎയ്‌ക്കെതിരെ കോൺഗ്രസ് അണിനിരന്നു, പിന്നീട് ഈ നിലപാട് മാറ്റി. രാജ്യത്തെ കോൺഗ്രസിൻ്റെ നിലപാടിന് വ്യത്യസ്‌തമായാണ് കേരളത്തിലെ കോൺഗ്രസ് സിഎഎയ്‌ക്കെതിരായി നിലപാടെടുത്തതെന്നും മുഖ്യമന്ത്രി.
സിഎഎ പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ നിന്ന വ്യക്തിയാണ് അനി രാജ. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഏതെങ്കിലും ഒരു കോൺഗ്രസുകാരെ ആ വഴിക്ക് കണ്ടിട്ടുണ്ടോ? എന്താ അവർ ഒഴിഞ്ഞു നിൽക്കാൻ കാരണം? ലോക്സഭയിൽ ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ പ്രതികരിച്ചു. കോൺഗ്രസ് അംഗങ്ങളുടെ ശബ്ദം എവിടെയും പൊങ്ങിയില്ലെന്നും പിണറായി വിജയൻ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജെഎൻയുവിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ അവരെ സംഘപരിവാർ ആക്രമിച്ചു. അവിടെ ഓടിയെത്തിയത് ഇടതുപക്ഷമാണ്, കോൺഗ്രസ് ഉണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷനോട് മാധ്യമ പ്രവർത്തകർ നിലപാട് ചോദിച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്. കൂടെയുണ്ടായിരുന്ന കെ.സി വേണുഗോപാൽ ചിരിച്ചു. നിങ്ങൾ ചിരിച്ചത് തീ തിന്നുന്ന രാജ്യത്തെ കോടിക്കണക്കിന് ആളുകളെ നോക്കിയാണെന്നും അദ്ദേഹം വിമർശിച്ചു.