ഡ്രൈവിങ് പരിശീലനത്തിനിടയിൽ രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാലക്കുടി പോട്ട സുന്ദരിക്കവലയിൽ നിന്ന് പാറക്കൊട്ടിലിങ്കലിലേക്കുള്ള റോഡിലാണ് സംഭവം.പോട്ട കളരിക്കൽ സതീശൻ ഭാര്യ ജിനി, സതീശന്റെ സുഹൃത്ത് ഷിബു എന്നിവരാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്.വളവുതിരിക്കുന്നതിനിടയിൽ കാർ മതിൽ തകർത്ത് കിണറിന്റെ അരികുഭിത്തിയിൽ ഇടിച്ചശേഷം 30 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. കിണറ്റിൽ വീണ കാർ വെള്ളത്തിലേക്ക് താഴുന്നതിനിടെ പിൻഭാഗത്തെ ചില്ല് തകർത്ത് ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ചാലക്കുടി ഫയർ ഫോഴ്സ് ആണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളത്തിലേക്ക് താഴ്‌ന്നുപോകുകയായിരുന്ന കാർ ചില്ല് പൊട്ടിച്ചശേഷം ഉടൻതന്നെ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി. ഓരോരുത്തരെയായി പുറത്തെടുത്ത് വല ഉപയോഗിച്ചു മുകളിലേക്ക് കയറ്റിയാണ് രക്ഷപെടുത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.