കണ്ണൂർ ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കലക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക നൽകിയത്. കണ്ണൂർ കാൾടെക്‌സിലെ രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പ ചക്രം സമർപ്പിച്ച് ഭരണഘടനാ ആമുഖം വായിച്ച ശേഷമാണ് എം വി ജയരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എകെജിയുടെ പ്രതിമയിലും പത്രിക സമർപ്പണത്തിന് മുമ്പ് ജയരാജൻ പുഷ്‌പചക്രം അർപ്പിച്ചിരുന്നു.
മൂന്ന് സെറ്റ് പത്രികയാണ് എം വി ജയരാജൻ നൽകിയത്. ഡമ്മി സ്ഥാനാർഥിയായി എൻ ചന്ദ്രനും പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ശുചിത്വ കേരള മിഷന്റെ മാർഗ നിർദേശമടങ്ങിയ കിറ്റ് വരണാധികാരി സ്ഥാനാർഥിക്ക് കൈമാറി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് എം വി ജയരാജൻ പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിൽ എത്തിയത്. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ്, ഡോ. വി ശിവദാസൻ എംപി, സിപി മുരളി, പി പി ദിവാകരൻ, എം പി മുരളി, ഇ പി ആർ വേശാല, കാസിം ഇരിക്കൂർ, എ ജെ ജോസഫ്, ജോയി കൊന്നക്കൽ, കെ പി സഹദേവൻ, എം പ്രകാശൻ, എം സുരേന്ദ്രൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ് എംഎൽഎ, കെ സുരേശൻ, പി കെ രവീന്ദ്രൻ , കെ കെ ജയപ്രകാശൻ, രാജേഷ് മന്ദമ്പേത്ത്, ഹമീദ് ചെങ്ങളായി, താജുദ്ദീൻ മട്ടന്നൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.