മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ സിനിമയിലേക്ക്; കിലി പോളിനെ മലയാള സിനിമയിലേക്ക് സ്വാ​ഗതം ചെയ്ത് സംവിധായകൻ

 

ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ടാൻസാനിയൻ താരമാണ് കിലി പോൾ. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. മലയാളം പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. മലയാളികൾക്ക് കിലി പോൾ ഉണ്ണിയേട്ടനാണ്. ഇപ്പോഴിതാ കിലി പോൾ മലയാളസിനിമയിലും അരങ്ങേറുകയാണ്.


സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കിലി പോൾ കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സതീഷ് തൻവി പങ്കുവെച്ചിട്ടുണ്ട്. അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ്‌ ട്രാക്കിന് ചുണ്ടനക്കിയാണ് കിലി പോൾ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ന് 10.4 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നു. ഇതിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

‘മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം’, ‘ഇലുമിനാറ്റി’, ‘കരിമിഴിക്കുരുവിയെ കണ്ടീലാ’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ തുടങ്ങി നിരവധി മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വിഡിയോകൾ കിലി പോൾ ഇതിനകം ചെയ്തു കഴിഞ്ഞു. രണ്ടു മുതൽ നാലു ദിവസം വരെ എടുത്താണ് ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലി പഠിക്കുന്നത്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. പങ്കുവയ്ക്കുന്ന ഓരോ വിഡിയോയും ദശലക്ഷക്കണക്കിന് ആസ്വാദകരെയാണ് വാരിക്കൂട്ടുന്നത്.








Post a Comment

Previous Post Next Post

AD01