സുലഭമായി ലഭിക്കുന്ന വാഴപ്പഴം വെറുതെ കഴിക്കാൻ മാത്രമുള്ളതല്ല. അതുപയോഗിച്ച് വ്യത്യസ്ത റെസിപ്പി പരീക്ഷണങ്ങളും നടത്താം. യാതൊരു പ്രിസർവേറ്റീവും ക്രീമും ജെലാറ്റോയും ചേർക്കാതെ നാവിൽ കൊതിയൂറുന്ന ഡെസേർട്ടുകൾക്ക് ഒരു ചെറുപഴം തന്നെ ധാരാളം. മഹാരാഷ്ട്രയിലെ ഒരു പ്രധാന മധുരവിഭവമാണ് പഴം കൊണ്ടുള്ള സാലഡ്. പഴവും പാലുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കിയെടുക്കാം. കൊച്ചുകുട്ടികൾക്കു മുതൽ മുതിർന്നവർക്കു പോലും ഏറെ ഗുണപ്രദമാണ് ഇത്.
ചെറുപഴം ഒരെണ്ണം മതി, കിടിലൻ ഡെസേർട്ട് തയ്യാറാക്കാം 2 മിനിറ്റിൽ
ഭക്ഷണ ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നിയാൽ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ, ക്രീമോ കോൺഫ്ലോറോ വേണ്ട..
ചേരുവകൾ
വാഴപ്പഴം- 1/2 കപ്പ്
പാൽ- 1 കപ്പ്
ഏലക്കപ്പൊടി- 1/2 ടീസ്പൂൺ
ജാതിക്കപ്പൊടി- 1 നുള്ള്
പഞ്ചസാര- 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേക്ക് നന്നായി പഴുത്ത വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അത് സ്പൂൺ ഉപയോഗിച്ച് ഉടച്ചെടുക്കാം. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കാം. പാൽ തണുപ്പിച്ചൊഴിക്കുന്നതാണ് കൂടുതൽ നല്ലത്. അര ടീസ്പൂൺ ഏലക്കപ്പൊടിയും ഒരു നുള്ള് ജാതിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചു ചേർക്കാം. മധുരം ആവശ്യത്തിനനുസരിച്ച് ചേർത്താൽ മതിയാകും. ഇവ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഇനി ഇഷ്ടം പോലെ വിളമ്പി കഴിച്ചു നോക്കൂ.
Post a Comment