തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസണിന്‍റെ നേതൃത്വത്തിൽ ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി. ഒന്നര ലക്ഷം ആളുകൾ പങ്കെടുത്ത റാലിയിൽ ജനക്കൂട്ടത്തെ നിയന്ത്രിച്ച പൊലീസിന് നേരെ പ്രതിഷേധക്കാർ അക്രമം അഴിച്ചു വിട്ടു. നിരവധി ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ പരുക്കേറ്റ നാല് പൊലീസുകാരുടെ നില ഗുരുതരമാണ്. “യുണൈറ്റ് ദി കിംഗ്ഡം” എന്ന പേരിലാണ് ആയിരക്കണക്കിന് ആളുകൾ റാലിയിൽ അണിനിരന്നത്.
അതേസമയം, റാലിയെ പിന്തുണച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് അടക്കം രംഗത്ത് വന്നു. റാലിയിൽ കൂടിയവരോട് ലൈവ് വീഡിയോയിൽ വന്നാണ് മസ്‌ക് പിന്തുണ അർപ്പിച്ച് സംസാരിച്ചത്. “നിങ്ങൾ അക്രമം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അക്രമം നിങ്ങളുടെ നേരെ വരും (കുടിയേറ്റക്കാരെ ഉദ്ദേശിച്ച്). ഒന്നുകിൽ പോരാടുക അല്ലെങ്കിൽ മരിക്കുക.” – മസ്‌ക് സന്ദേശത്തിൽ പറഞ്ഞു.
അതേസമയം, പൊലീസുകാർക്ക് എതിരേയുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 25 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. റാലിയിൽ ഏകദേശം 110,000 നും 150,000 നും ഇടയിൽ ആളുകൾ പങ്കെടുത്തുവെന്നും പൊലീസ് പറയുന്നു. ദേശീയവാദിയും ഇസ്ലാം വിരുദ്ധനും ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകനുമായ ടോമി റോബിൻസൺ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുകളിൽ ഒരാളാണ്.
Post a Comment