ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള ജാതിസർട്ടിഫിക്കറ്റ് വിഷയം: കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തും


1950-നു മുമ്പ് ഇതരസംസ്ഥാനത്തുനിന്ന് കുടിയേറുകയും കേരളത്തില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമാണ് നിലവിലെ ചട്ടപ്രകാരം ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുവരുന്നത്. ഈ കാലപരിധി 1970 ജനുവരി 1-നു മുമ്പായി പുനര്‍നിര്‍ണ്ണയിക്കുന്നത് ഉചിതമായിരിക്കുമെന്ന് നടുവട്ടം ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. എ രാജയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

1950-നു മുമ്പ് കേരളത്തിലുണ്ടായിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് പ്രസിഡന്‍സ് ഭരണമേഖലകളിലെ കുടിയേറ്റം, സ്ഥിരവാസം എന്നിവ സംബന്ധിച്ച് ആധികാരിക രേഖകളൊന്നും ലഭ്യമല്ലാത്തതിനാല്‍, നിലവിലെ വ്യവസ്ഥ പരിഷ്കരിക്കുന്നതില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യൂണിയന്‍ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആയതിനാല്‍, കേന്ദ്ര സര്‍ക്കാരിനു മാത്രമേ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ കഴിയൂ. കേരളത്തിലേക്ക് കുടിയേറിയ ഒരാള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.

നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുന്നതിനും ആവശ്യമായ ഭേദഗതി നിര്‍ദ്ദേശിക്കുന്നതിനുമായി 16.04.2025-ല്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 26.08.2025-ന് ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



Post a Comment

Previous Post Next Post

AD01