തുളുനാട് മാധ്യമ അവാർഡ് ടി. ഭരതന്

 



തുളുനാട് മാസിക ഏർപ്പെടുത്തിയ അതിയാമ്പൂർ കുഞ്ഞിക്കൃഷ്ണൻ സ്മാരക തുളുനാട് മാധ്യമ അവാർഡ് മലയാള മനോരമ പയ്യന്നൂർ ലേഖകൻ ടി.ഭരതന്. വി.വി. പ്രഭാകരൻ, ടി.കെ.നാരായണൻ, എൻ.ഗംഗാധരൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബറിൽ കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയിൽ വച്ച് അവാർഡ് നൽകും. നാല് പതിറ്റാണ്ട് കാലമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ടി.ഭരതൻ ആദ്യകാലത്ത് ഗദ്ദിക, മുഖപത്രം, ദേശമിത്രം ലേഖകനും  മലയാള മണ്ണ് കാസർകോട് ജില്ലാ ലേഖകനുമായിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് പ്രസ്സ് ഫോറം സെക്രട്ടറിയായും പ്രവർത്തിച്ചു. കഴിഞ്ഞ ഇരുപത്തി എട്ട് വർഷമായി മലയാളമനോരമ ലേഖകനായി പ്രവർത്തിക്കുന്നു, ഇതിൽ എറിയപങ്കും പയ്യന്നൂർ കേന്ദ്രീകരിച്ചാണ് മാധ്യമപ്രവർത്തനം. വാർത്തകൾ തിരഞ്ഞെടുക്കുന്നതിലും, അവ നല്ല കൈയടക്കത്തോടെ അവതരിപ്പിക്കുന്നതിലും സവിശേഷമായ കഴിവ് ടി ഭരതനുണ്ട്. പയ്യന്നൂരിലെ സമസ്ത മേഖലയുമായി നിരന്തരമായി ബന്ധം പുലർത്തുന്ന ടി. ഭരതന് വലിയ വ്യക്തിബന്ധമാണുള്ളത് .ഇത്തരം ബന്ധങ്ങൾ ഒരു മാധ്യമപ്രവർത്തകനെ സംബന്ധിച്ചെടുത്തോളം വലിയ അനുഗ്രഹമാണ്, ഇത് വാർത്തകളുടെ വലിയ സ്രോതസുമാണ്. ഒരു നാടിൻ്റെ വിവിധതലത്തിലുള്ള വിഷയങ്ങൾ പഠിച്ച് അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതു കൊണ്ടാണ് മാധ്യമ രംഗത്ത് നീണ്ട വർഷമായി തല ഉയർത്തി നിൽക്കാൻ ടി. ഭരതനെ പ്രാപ്തനാക്കിയത്. കാമ്പുള്ള വാർത്ത നൽകിയ ഭരതനെ തേടി നിരവധി അംഗീകാരങ്ങളും ഒന്നിന് പിറകെ ഒന്നായി എത്തിയിട്ടുമുണ്ട്. പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബ്ബിൻ്റെ വൊക്കെഷണൽ എക്സലൻസ് അവാർഡ്, കുറുന്തിൽ കൃഷ്ണൻ സ്മാരക പുരസ്കാരം, കൊക്കാനിശ്ശേരി ജേസീസ് മാധ്യമ പുരസ്കാരം, സിഗ്നോറ ലയൺസ് മാധ്യമ പുരസ്കാരം, രാമന്തളി മഹാത്മ കൾച്ചറൽ സെൻ്റർ മാധ്യമ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ഇ.പി.ശ്രീജ, മക്കൾ: അയന, ശ്യാംജിത്ത്. പയ്യന്നൂർ പ്രസ്ഫോറത്തിൻ്റെ നിലവിലെ സെക്രട്ടറി എന്ന നിലയിൽ അഭിമാനകരമായ പ്രവർത്തനമാണ് ഭരതൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01