ഏഴോം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; സർക്കാർ സമസ്ത മേഖലകളിലും വൻ മുന്നേറ്റം സൃഷ്ടിച്ചു: എം. വിജിൻ എം എൽ എ


കേരളത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ സമസ്ത മേഖലകളിലും വൻ മുന്നേറ്റം സൃഷ്ടിച്ച സംസ്ഥാന സർക്കാർ ഈ മേഖലകളിൽ നിലവിലുള്ള മുഴുവൻ പ്രതിസന്ധികളേയും അതിവേഗം മറികടക്കുകയാണെന്ന് എം. വിജിൻ എം എൽ എ പറഞ്ഞു. ഏഴോം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നെരുവമ്പ്രം യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ 124 കോടി രൂപയുടെ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കും. 24 കോടി രൂപ മുതൽമുടക്കിൽ അത്യാഹിത വിഭാഗം വരാൻ പോകുന്നു. ആറ് കോടിയുടെ കൂട്ടിരുപ്പ് കേന്ദ്രത്തിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. 30 ലക്ഷം രൂപ എം.എൽ എ ഫണ്ട് ഉപയോഗിച്ച് അത്യാധുനിക വിശ്രമ കേന്ദ്രം നിർമ്മിക്കുമെന്നും കണ്ണൂർ മെഡിക്കൽ കോളേജിന്റെ മുഖഛായ മാറുംവിധം സർക്കാർ ഇടപെടുകയാണെന്നും എം എൽ എ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി അതിഥി തൊഴിലാളികൾക്ക്  പ്രത്യേക വാർഡ് ഒരുക്കുകയാണ് പഴയങ്ങാടി താലൂക്ക് ആശുപത്രി.  ഫാമിലി ഹെൽത്ത് സെന്ററാക്കി ഉയർത്തിയ കണ്ണോം ആരോഗ്യ കേന്ദ്രത്തിന്റ പുതിയ കെട്ടിടം ഈ മാസം നാടിന് സമർപ്പിക്കുമെന്നും എം എൽ എ പറഞ്ഞു.

കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും കമ്പ്യൂട്ടർ ലഭ്യമാക്കും. വിദ്യാകിരണം പദ്ധതി വഴി എ ഐ റോബോട്ടിക് ലാബുകൾ സ്കൂളുകളിൽ ആരംഭിക്കും. അത്യാധുനിക ക്രിക്കറ്റ് അക്കാദമി ഡിസംബർ മാസത്തിൽ ആരംഭിക്കും. പെൺകുട്ടികൾക്കായ് പിൻ ഫുട്ബോൾ അക്കാദമി തുടങ്ങാനുള്ള ചർച്ച നടന്നു വരികയാണ്. റോഡ്, പാലം, കൃഷി, ടൂറിസം, പെൻഷൻ തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുകയാണെന്നും എം.എൽ.എ പറഞ്ഞു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി.


പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾകൊള്ളിച്ച വികസന രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി കുഞ്ഞിരാമന് നൽകി  എം എൽ എ പ്രകാശനം ചെയ്തു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട് കില ഫാക്കൽട്ടി ഡോ.രവി രാമന്തളി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഏഴോം ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി എം.ടി മൃദുല അവതരിപ്പിച്ചു.  തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്തിലെ ആശാവർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.

വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ ഒരുക്കിയ കെ- സ്മാർട്ട് ക്ലിനിക്ക് ശ്രദ്ദേയമായി.


കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

കെ.എൻ ഗീത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ നാരായണൻകുട്ടി മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാലൻ മാസ്റ്റർ, ലോക കേരള സഭാംഗം സി.വി നാരായണൻ, പഞ്ചായത്ത് അസി.സെക്രട്ടറി സനൽകുമാർ, ഏഴോം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ ചന്ദ്രൻ,  ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01