'സ്പൂൺ ഓഫ് മലബാർ' ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു


കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭത്തിന്റെ ലോഞ്ചിങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷണം കുറഞ്ഞ നിരക്കിൽ വീടുകളിൽ എത്തിച്ചുനൽകുകയാണ് പുതിയ സംരംഭത്തിലൂടെ ചെയ്യുക. രാവിലെയും ഉച്ചക്കും രാത്രിയും ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകും. സൗത്ത് സിഡിഎസിന് കീഴിലെ നാല് സംരംഭങ്ങളുടെ ബ്രാൻഡിങ്ങും  ചടങ്ങിൽ നടന്നു.

നല്ലളം സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ എം ശ്രീജ, കൺവീനർ വി വി ഷീജ, കുടുംബശ്രീ സിഡിഎസ് മെമ്പർ സെക്രട്ടറി സി സജീഷ്, കൗൺസിലർമാരായ മൈമൂന ടീച്ചർ, റഫീന അൻവർ, ചലനം മെൻ്റർ സൂസൻ എലിസബത്ത്, ബ്ലോക്ക് കോഓഡിനേറ്റർ ശില്പ, എംഇസി ശബാന തുടങ്ങിയവർ പങ്കെടുത്തു.

സിഡിഎസുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ചലനം മെൻ്റർഷിപ്പ്. സംസ്ഥാന കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ 18 സിഡിഎസുകളെയാണ് തെരഞ്ഞെടുത്തത്. അയൽക്കൂട്ടങ്ങളുടെയും എ ഡിഎസുകളുടെയും ശാക്തീകരണം, നൂതന സംരംഭങ്ങൾ ആരംഭിക്കൽ, കണക്കുകളും രേഖകളും ക്രമപ്പെടുത്തൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് മെൻ്റർഷിപ്പിൻ്റെ ഭാഗമായി നടപ്പാക്കുക.



Post a Comment

Previous Post Next Post

AD01