ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പലുകള്‍ തടഞ്ഞ് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസമാണ്.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ ഇസ്രയേല്‍ സൈന്യം തടഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ക്രൂരതകളെ കുറിച്ച് തുറന്നു പറയുകയാണ് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍. ഫ്‌ലോട്ടില്ല കപ്പലില്‍ ഉണ്ടായിരുന്ന ഗ്രെറ്റ ഉള്‍പ്പെടെയുള്ള 137 പ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ നാടുകടത്തിയത്. ഇവര്‍ ഇന്നലെ ഇസ്താംബൂളില്‍ എത്തിച്ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു.
ഗ്രെറ്റയെ ഇസ്രയേല്‍ സൈന്യം ക്രൂരമായി ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതായി തുര്‍ക്കിഷ് പത്രപ്രവര്‍ത്തകനായ എര്‍സിന്‍ സെലിക് മാധ്യമങ്ങളോട് പറഞ്ഞു. ഗ്രെറ്റയെ നിലത്തുകൂടെ വലിച്ചിഴച്ച അവര്‍ ഇസ്രയേല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു.
മലേഷ്യന്‍ പ്രവര്‍ത്തകനായ ഹസ്വാനി ഹെല്‍മിയും സമാനമായ ദുരനുഭവം പങ്കുവെച്ചു. കസ്റ്റഡിയില്‍ ഇസ്രയേല്‍ സേന മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്. ഭക്ഷണവും ശുദ്ധജലവും നിഷേധിച്ചു. മൂന്ന് ദിവസം ഭക്ഷണം തരാതെ പട്ടിണിക്കിട്ടെന്നും ശുചിമുറിയിലെ വെള്ളം കുടിക്കേണ്ട അവസ്ഥ ഉണ്ടായി. ഇസ്രയേല്‍ സൈന്യത്തില്‍ നിന്നും ഉണ്ടായ ദുരനുഭവത്തിലൂടെ ഗാസയില്‍ അവര്‍ നടപ്പിലാക്കുന്ന വംശഹത്യയുടെ ഭീകരാവസ്ഥ എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നും മറ്റ് ആക്ടിവിസ്റ്റുകളും വ്യക്തമാക്കി.
ഇസ്രയേല്‍ ഫ്ലോട്ടില കപ്പലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരില്‍ 36 തുര്‍ക്കി പൗരന്‍മാരും, യുഎസ്, ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്സര്‍ലാന്‍ഡ്, തുനിഷ്യ, ലിബിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു ഉണ്ടായിരുന്നത്.
.jpg)




Post a Comment