സംസ്ഥാനത്ത് പട്ടിണി കിടക്കുന്നവർ ഉണ്ടാവരുത് എന്നതാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങളുടെ ആവശ്യവും സാഹചര്യവും മനസ്സിലാക്കി അതിന് ചേർന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമുക്തമായതിൻ്റെ പ്രഖ്യാപനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് നാല് വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് രാജ്യത്തിന് മികച്ച മാതൃകയാണെന്നും പഞ്ചായത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട 116 അതിദരിദ്ര്യ കുടുംബങ്ങളെയാണ് അതി ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയത്. റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, തിരിച്ചറിയിൽ കാർഡ്, ഭിന്നശേഷി കാർഡ് തുടങ്ങിയ രേഖകൾ പഞ്ചായത്തിൻ്റെ ഇടപെടലിലൂടെ അതിവേഗം നൽകാനായി. ലൈഫ് ഭവന പദ്ധതി വഴി 20 പേർക്ക് വീട് നൽകി. ഇതിൽ നാലു പേരുടെ താക്കോൽദാനമാണ് മന്ത്രി ചടങ്ങിൽ നിർവഹിച്ചത്.
ശ്രീകൃഷ്ണ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. അഡ്വ. പി ടി എ റഹീം എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഷെരീഫ, വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത്, വിഇഒ സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം സിന്ധു, പി മിനി, പി ബാബുരാജൻ, വാർഡ് മെമ്പർ ധനേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


Post a Comment