പൊന്ന്യത്തങ്കം സമാപിച്ചു സമാപന സമ്മേളനം തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സമാപനം ഉദ്ഘാടനം ചെയ്തു



പൊന്ന്യത്തങ്കത്തിന് തലശ്ശേരി ഏഴരക്കണ്ടത്തില്‍ സമാപനം. അവസാനദിനമായ ഞായറാഴ്ച വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രകടനങ്ങള്‍ കാണാന്‍ ജനസാഗരമാണ് പൊന്ന്യത്തെ അങ്കത്തട്ടിലേക്ക് ഒഴുകിയെത്തിയത്. തച്ചോളി ഒതേനന്റെയും കതിരൂര്‍ ഗുരുക്കളുടെയും ചരിത്രമുറങ്ങുന്ന മണ്ണില്‍ നടന്ന പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കിയുള്ള പരിപാടികള്‍ സാംസ്‌കാരിക കേരളത്തിന് പുതിയൊരു അനുഭവമായി മാറി. സമാപന ദിനമായ ഞായറാഴ്ച വൈകീട്ട് ചെങ്ങന്നൂര്‍ പണിക്കേഴ്‌സ് കളരി, കോഴിക്കോട് ഭാര്‍ഗവ കളരി സംഘം, തിരുവനന്തപുരം അഗസ്ത്യ കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറി. തുടർന്ന് നടന്ന സമാപന സമ്മേളനം തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സമാപനം ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി. സ്പീക്കര്‍ എ എന്‍ ഷംസീറിന് പൊന്ന്യം ചന്ദ്രന്‍ പെയിന്റിങ് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസാന റഷീദ്, കതിരൂര്‍ പഞ്ചായത്ത് അംഗം റൂബി റിഷാദ്, തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ് എം സി പവിത്രന്‍, പൊന്ന്യം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പിവി സന്തോഷ്, കേരള ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫിസര്‍ പിവി ലവ്‌ലിന്‍, പൊന്ന്യത്തങ്കം വര്‍ക്കിങ് ചെയര്‍മാന്‍ പിപി സനല്‍, കെവി രജീഷ്, സി സജീവന്‍, തുടങ്ങിയവർ പങ്കെടുത്തു.  തുടര്‍ന്ന് ദഫ് മുട്ടും കലാമത്സര വിഭാഗത്തില്‍ ഒപ്പനയും അരങ്ങിലെത്തി. ഇതര സംസ്ഥാന ആയോധനാ കലാരൂപമായ 'താങ് മച്ചാ യനബ' കാണികളെ ആവേശം കൊള്ളിച്ചു. രാത്രി ഒമ്പതിന് നടന്ന ഗൗരി ലക്ഷ്മി ലൈവ് ഷോയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.(പടം)

Post a Comment

0 Comments