'ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ.. എല്ലാത്തിനും അതിന്‍റെ സമയമുണ്ട് ദാസാ....'; അംബാ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ


തിരുവനന്തപുരം: 
ആറ്റുകാൽ ക്ഷേത്രത്തിലെത്തി അംബാ പുരസ്കാരം ഏറ്റുവാങ്ങി നടൻ മോഹൻലാൽ. അമ്മേ ശരണം, ദേവീശരണം ഉരുവിട്ട് അടുത്തിടെ അന്തരിച്ച സ്വന്തം അമ്മയുടെ ഓർമകൾ പങ്കുവെച്ചായിരുന്നു ലാൽ പ്രസംഗിച്ച് തുടങ്ങിയത്. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. അമ്മ ആറ്റുകാൽ അമ്മയുടെ ഭക്ത ആയിരുന്നെന്നും വാക്കുകൾ അപ്രസക്തമാകുന്ന നിമിഷമെന്നും മോഹൻലാൽ പറഞ്ഞു. അകം നിറയെ ആറ്റുകാൽ അമ്മയാണ്. ഞാൻ ഇവിടെ നിൽക്കുമ്പോൾ, ജീവിച്ചിരുന്നെങ്കിൽ എന്‍റെ അമ്മ ആയിരിക്കും സന്തോഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്. പൊങ്കാല തലസ്ഥാനത്തിന്‍റെ തിരുവാഭരണമാണ്. ഏതൊരു തിരുവനന്തപുരത്തുകാരനെപ്പോലെയും തന്‍റെ കൗമാരവും ആറ്റുകാൽ ദർശനവും പൊങ്കാല അനുഭവവുമായി ബന്ധപ്പെട്ടതാണ്. ബാല്യകാല ഓർമകളിൽ ആറ്റുകാൽ ഇന്നു കാണുന്ന പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകൾ ആയിരുന്നു. പൊങ്കാല ദിവസമാകുമ്പോൾ നാടു മുഴുവൻ അടുപ്പുകളും ഭക്തരുമായിരിക്കും. ആറ്റുകാലിലേക്ക് വന്നിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ മുടവൻമുകളുകാർക്ക് ഉത്സവമായിരുന്നു. ഓരോ പ്രദേശത്തുനിന്നുമുള്ള ഘോഷയാത്രകൾക്ക് അന്ന് 'ചപ്രമെഴുന്നള്ളത്ത്' എന്നാണ് പറഞ്ഞിരുന്നത്. സപ്രമഞ്ചലിന്‍റെ പ്രാദേശിക രൂപമായിരിക്കാം അത്. ഇന്നത് 'വിളക്കുകെട്ട്' എന്നാണറിയപ്പെടുന്നത്.’ പൊങ്കാലയുടെ തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കൻഡ് ഷോയ്ക്ക് ശേഷം സ്പെഷ്യൽ തേർഡ് ഷോയുണ്ടാകും. മിക്കവാറും ഭക്തി ചിത്രങ്ങളായിരുന്നു. അത്തരം നിരവിധി ഗൃഹാതുരമായ ഓർമകൾ. തന്‍റെ അന്യഭാഷാ സിനിമാ സുഹൃത്തുക്കളോട് പൊങ്കാലയെപ്പറ്റി സംസാരിക്കാറുണ്ട്. അതിന്‍റെ പ്രത്യേകകതൾ കേട്ട് അവർ അത്ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്. ഇതുപോലൊരു ക്ഷത്രവും ഉത്സവവും ഇവിടെമാത്രമേയുള്ളു എന്നാണ് അഭിപ്രായം. പല തലത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സാധിച്ചു. എങ്കിലും വളർന്ന മണ്ണിലെ, മനസ്സുകൊണ്ട് കുമ്പിടുന്ന ഭഗവതിയുടെ പേരിലുള്ള പുരസ്കാരം അതിന്റെ ആത്മീയ ചൈതന്യം കൊണ്ട് സവിശേഷമാണെന്നും മോഹൻലാൽ പറഞ്ഞു. ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ ആറ്റുകാലമ്മയ്ക്കു മുന്നിലായിരുന്നു. ആദ്യമായി മുഖം കാണിച്ച 'തിരനോട്ട'ത്തിന്‍റെ പൂജ ഇവിടെയായിരുന്നു. 1988 ഏപ്രിൽ 28ന് സുചിത്രയെ താലി കെട്ടിയതും ഈ തിരുനടയിൽ വച്ചാണ്. ദാമ്പത്യം 36 വർഷം പിന്നിടുന്നു ഞങ്ങളുടെ ദാമ്പത്യം. എല്ലാം അമ്മയുടെ അനുഗ്രഹമാണ്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പലതവണയായി വിളിച്ചെങ്കിലും അതിന് സാധിച്ചില്ല, എല്ലാത്തിനും അതിന്‍റെ സമയമുണ്ട് ദാസാ എന്ന് പറയുന്നത് പോലെ, ദാസാ എന്ന അമ്മയുടെ വിളിയായി കണക്കാക്കിയാണ് ഇത്തവണ എത്തിയത്. ദേവിയുടെ പേരിൽ ലഭിച്ച പുരസ്കാരത്തെ ആശീർവാദമായാണ് കാണുന്നതെന്ന് പറഞ്ഞ് മോഹൻലാൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.



Post a Comment

0 Comments