കണ്ണ് അടിച്ചുപോകും മക്കളേ…! ടാറ്റൂ അടിക്കുന്നവര്‍ ഇത് അറിയാതെ പോകരുത്


ടാറ്റൂ അടിക്കുന്നത് ഇന്ന് പലരും ഒരു ഫാഷനായാണ് കണക്കാക്കുന്നത്. കാലുകൾ, കൈകൾ, വയറ്, നെഞ്ച്, കഴുത്ത് തുടങ്ങി ശരീരത്തിൻ്റെ ഒട്ടുമിക്ക ഭാ​ഗങ്ങളിലും ആളുകൾ പച്ചകുത്താറുണ്ട്. ഇപ്പോൾ കണ്ണിൽ ടാറ്റൂ അടിക്കുന്നതാണ് ട്രെന്റ്. പാശ്ചാത്ത്യ രാജ്യങ്ങളെ അനുകരിച്ചാണ് യുവാക്കൾ ഇന്ന് കണ്ണിലും പച്ചകുത്താൻ തിരക്കുകൂട്ടുന്നത്. എന്നാൽ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം വലുതാണ്. ചിലതരം കോസ്മെറ്റിക് ടാറ്റൂകൾ അപകടകരമാണെന്നും വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കണ്ണിനുള്ളിലെ വെളുത്ത ഭാഗത്ത് (ഐബോൾ) ആണ് ടാറ്റൂ ചെയ്യുക. നാനോ സിറിഞ്ച് വഴി മഷി അഥവാ ഇങ്ക് നേരിട്ട് കുത്തിവയ്ക്കുന്നതാണ് രീതി. എന്നാൽ ഇത്തരത്തിൽ ടാറ്റൂകള്‍ അടിക്കുന്നത് കാഴ്‌ച നഷ്‌ടപ്പെടാൻ വരെ വഴിയൊരുക്കുമെന്നാണ് നേത്രരോഗവിദഗ്‌ധർ പറയുന്നത്. കണ്ണിനുള്ളിൽ അണുബാധയുണ്ടാക്കാൻ ഐബോൾ ടാറ്റൂകൾ കാരണമാകും. എൻഡോഫ്‌താൽമൈറ്റിസ്, കൺജക്‌റ്റിവിറ്റിസ് പോലുള്ള അണുബാധകളാണ് പിടിപെടുക. ടാറ്റൂകളിൽ ഉപയോഗിക്കുന്ന മഷി റെറ്റിനയിലും വിട്രിയസിലും കടന്ന് കാഴ്‌ച പൂർണമായും നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, കോർണിയൽ എഡീമ (കണ്ണ് വീക്കം), ഗ്ലോക്കോമ, റെറ്റിന ഡിറ്റാച്ച്മെൻ്റ്, ഗ്രാനുലോമ, അലർജി തുടങ്ങിയ ഗുരുതരമായ നേത്ര പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കണ്ണിനുള്ളിലെ ടാറ്റു നീക്കം ചെയ്യുന്നതും കണ്ണിൽ ടാറ്റൂകൾ ചെയ്യുന്നത് പോലെ തന്നെ അപകടകരമാണ്. സങ്കീർണമായ ഈ പ്രക്രിയ ജനറൽ ഡെർമറ്റോളജിസ്റ്റുകൾക്ക് ചെയ്യാൻ സാധിക്കില്ല. കോർണിയ, റെറ്റിന, ഒഫ്‌താൽമോളജി സ്പെഷ്യലിസ്റ്റുകൾക്കാണ് ഇത് ചെയ്യാൻ അനുവാദമുള്ളത്. മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രികളിൽ മാത്രമാണ് ഇത്തരം ചികിത്സ ലഭ്യമാകുക. ടാറ്റൂ റിമൂവലിന് ലക്ഷക്കണക്കിന് രൂപ ചെലവും വരും. എന്നിരുന്നാലും ടാറ്റൂ പൂർണമായും കണ്ണിനുള്ളിൽ നിന്ന് നീക്കം ചെയ്യാനുമാകില്ല. ഏതായാലും മുൻകരുതലുകൾ എടുക്കാതെ ശരീരത്തിൽ ടാറ്റൂകൾ ചെയ്യുന്നത് നല്ല കാര്യമല്ല. വിവിധ ചർമ്മരോഗങ്ങൾ ഇതുമൂലം ഉണ്ടാകാൻ ഇടയുണ്ട്.



Post a Comment

Previous Post Next Post

AD01