ദൃശ്യങ്ങളിലെല്ലാം മന്ത്രി പോലീസ് വലയത്തിൽ, വധശ്രമക്കേസിന് ബലം നൽകുന്ന തെളിവുകളില്ല; ആശയക്കുഴപ്പം

 


കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) യിൽനിന്നാണ് കേരള റെയിൽവേ പോലീസ് ഇവ ശേഖരിച്ചത്. മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിനപ്പുറം മന്ത്രിയെ കൈയേറ്റം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും കിട്ടിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരിൽനിന്നും മന്ത്രിയെ ചികിത്സിച്ച പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഡോക്ടർമാരിൽനിന്നും മൊഴിയെടുത്തു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെയും മൊഴിയെടുക്കും. ആരോഗ്യമന്ത്രിയിൽനിന്ന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ ആറുപേരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് കഴുത്തിന് പരിക്കേറ്റത്. മന്ത്രിയെ കൊല്ലാൻ ആഹ്വാനംചെയ്ത് പാഞ്ഞടുത്തെന്നും ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. വധശ്രമക്കേസ് ചുമത്തി അറസ്റ്റുചെയ്ത കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പെടെ അഞ്ചുപേർ കണ്ണൂർ സബ്ജയിലിൽ റിമാൻഡിലാണ്. വധശ്രമത്തിന് കേസെടുത്തെങ്കിലും അതിന് ബലം നൽകുന്ന തരത്തിൽ മന്ത്രിയെ ആക്രമിച്ചതിന്റെ തെളിവുകൾ കിട്ടാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിലെല്ലാം പോലീസ് വലയത്തിനകത്താണ് മന്ത്രിയുള്ളത്. ഈ സാഹചര്യത്തിൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായവും പോലീസിലുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ കേസിൽനിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് റിമാൻഡിൽ കഴിയുന്ന കെ.എസ്.യു. നേതാക്കൾ വെള്ളിയാഴ്ച കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post

AD01