കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാം, പണം വേണ്ട; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് പറഞ്ഞത്’



മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ ഹ്രസ്വചലച്ചിത്രത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമാ ഷൂട്ടിനിടയൊണ് ഇക്കാര്യം മോഹൻലാലിനോട് പറഞ്ഞതെന്നും ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് സമ്മതിച്ചതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ‘ചേട്ടാ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരു പരസ്യം എടുത്തു തരുമോ?’ എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം. ബ്രാൻഡ് അംബാസിഡർ ആവുക പൈസ വാങ്ങിച്ചുകൊണ്ടാണെന്നായി മോഹൻലാൽ. തീർന്നില്ല, ഞാൻ നിങ്ങളുടെ ഗുഡ്‌വിൽ അംബാസഡർ ആവാം, പണം വേണ്ട എന്നും താരം കൂട്ടിച്ചേർത്തു. ഒരു നിമിഷം പോലും അദ്ദേഹം ആലോചിച്ചില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു ഫൈറ്റ് സീൻ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്, മന്ത്രി വ്യക്തമാക്കി.പലരും മോഹൻലാലിനെ ഇതിന്റെ പേരിൽ വിമർശിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഇലക്ഷൻ സ്റ്റണ്ട് ആണെന്നടക്കം പലരും കുറ്റപ്പെടുത്തി. പക്ഷേ മോഹൻലാൽ കെ.എസ്.ആർ.ടി.സിയുടെ ഗുഡ്‌വിൽ അംബാസഡർ ആയി. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി അതിമനോഹരമായ രണ്ട് പരസ്യമാണ് എടുത്തത്, യാതൊരു കൃത്രിമത്വവുമില്ലാത്ത, ഹൃദയസ്പർശിയായ പരസ്യമാണതെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post

AD01