“ഇതൊരു ലഹരിയാണ്…” ജങ്ക് ഫുഡ് കഴിക്കുന്നവർ അറിയാൻ! സിഗരറ്റിന് സമാനമായ ചതിക്കുഴികൾ തുറന്നുകാട്ടി ഹാർവാർഡ് ഗവേഷകർ


നിങ്ങൾ സ്ഥിരമായി സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് സ്നാക്സും കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക! നിങ്ങൾ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ആപത്താണ് ക്ഷണിച്ചുവരുത്തുന്നത്. ഹാർവാർഡ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ജങ്ക് ഫുഡുകളെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഈ സത്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ സിഗരറ്റിന് തുല്യമായ ആരോഗ്യ ഭീഷണി ഉയർത്തുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് ലഘുഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായ ആസക്തി ഉണ്ടാക്കുന്നവയാണെന്നും ഇവയുടെ വിപണനത്തിന് കടുത്ത നിയമന്ത്രണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനവിവരങ്ങൾ പ്രശസ്ത ആരോഗ്യ മാസികയായ ‘ദി മിൽബാങ്ക് ക്വാർട്ടർലി’യിലാണ് പ്രസിദ്ധീകരിച്ചത്.

പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ ഉപഭോക്താക്കളെ വീണ്ടും വീണ്ടും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഇത്തരം ഭക്ഷണങ്ങളിലെ പ്രത്യേക രുചിക്കൂട്ടുകളും രാസവസ്തുക്കളും തലച്ചോറിലെ റിവാർഡ് പാതകളെ ഉത്തേജിപ്പിക്കുകയും ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിച്ച പലരും പിന്നീട് മധുരപലഹാരങ്ങൾക്കും ശീതളപാനീയങ്ങൾക്കും അടിമകളാകുന്ന പ്രവണത ഇതിന് തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണപ്പൊതികളിലെ ‘ലോ ഫാറ്റ്’, ‘ഷുഗർ ഫ്രീ’ തുടങ്ങിയ ലേബലുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പഠനം കുറ്റപ്പെടുത്തുന്നു. 1950-കളിൽ സിഗരറ്റ് കമ്പനികൾ തങ്ങളുടെ ഉൽപ്പന്നം സുരക്ഷിതമാണെന്ന് കാണിക്കാൻ ‘ഫിൽട്ടർ’ സംവിധാനം പരിചയപ്പെടുത്തിയതിന് സമാനമാണിത്. ആരോഗ്യത്തിന് ഗുണമില്ലാത്ത ഇത്തരം അവകാശവാദങ്ങൾക്കെതിരെ നിയമനടപടികൾ വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ആധുനിക ഭക്ഷണ സാഹചര്യങ്ങളിൽ ഇത്തരം ഹാനികരമായ ഉൽപ്പന്നങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറുക എന്നത് സാധാരണക്കാർക്ക് അസാധ്യമാണ്. അതിനാൽ പുകയില നിയന്ത്രണ നിയമങ്ങൾക്ക് സമാനമായി പാക്കറ്റ് ഭക്ഷണങ്ങളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക,വിപണന മേഖലയിൽ കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുക, നികുതി ഘടനയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പഠനം മുന്നോട്ടുവെക്കുന്നത്. ആഫ്രിക്ക ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതിനും ആരോഗ്യ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്നതിനും ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.





Post a Comment

Previous Post Next Post

AD01